ഉപഭോക്താക്കള്‍ക്ക് റീബുക്കിങ്ങിനായി അവരുടെ ബുക്കിങ് ഏജന്റിനെയോ എമിറേറ്റ്‌സ് കോണ്‍ടാക്ച് സെന്ററിനെയോ ബന്ധപ്പെടാം.

ദുബൈ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാന യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. വിമാനങ്ങള്‍ പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും കാലതാമസം പ്രതീക്ഷിക്കണമെന്നും എയര്‍ലൈന്‍ അറിയിച്ചു. 

ബുധനാഴ്ചയാണ് ചെക്ക് ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. ദുബൈയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഏപ്രില്‍ 17 (ബുധനാഴ്ച) എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ ചെക്ക്-ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്റെ വക്താവ് അറിയിച്ചു. മോശം കാലാവസ്ഥയും റോഡിലെ സാഹചര്യങ്ങളും മൂലം പ്രവര്‍ത്തനത്തെ ബാധിച്ചത് കണക്കിലെടുത്താണ് തീരുമാനം. 

ഉപഭോക്താക്കള്‍ക്ക് റീബുക്കിങ്ങിനായി അവരുടെ ബുക്കിങ് ഏജന്റിനെയോ എമിറേറ്റ്‌സ് കോണ്‍ടാക്ച് സെന്ററിനെയോ ബന്ധപ്പെടാം. ദുബൈയില്‍ എത്തി ഇതിനകം ട്രാന്‍സിറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ വിമാനങ്ങള്‍ക്കായുള്ള നടപടികള്‍ തുടരും. ഏറ്റവും പുതിയ വിമാന ഷെഡ്യൂളുകള്‍ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇന്നലെ വൈകിട്ട് എത്തേണ്ട വിമാനങ്ങൾ പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ താൽക്കാലികമായി വഴിതിരിച്ചുവിട്ടതായി ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അറിയിച്ചു. എങ്കിലും പുറപ്പെടലുകൾ (ഡിപാർചർ) ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കും.

Read Also- ഈ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴയാണ്. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്