ദുബായ്: ഇപ്പോള്‍ ഇന്ത്യയിലുള്ള പ്രവാസികളെ തിരികെ കൊണ്ടുപോകാനായി നിന്ന് പ്രതിദിനം 10 സര്‍വീസുകള്‍ വീതം പ്രഖ്യാപിച്ച് എമിറേറ്റ്സ്. ജൂലൈ 12 മുതല്‍ 26 വരെയുള്ള 15 ദിവസത്തേക്കാണ് പ്രവാസികള്‍ക്ക് മടങ്ങാനുള്ള പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. എമിറേറ്റ്സിന് പുറമെ ഫ്ലൈ ദുബായും എയര്‍ ഇന്ത്യ എക്സ്‍പ്രസും ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്നായിരിക്കും എമിറേറ്റ്സിന്റെ സര്‍വീസ്. ഇതില്‍ മുംബൈ, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ അതത് സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും തീരുമാനം.

ബംഗളുരു, ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം രണ്ട് സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് ദിവസം ഒരു സര്‍വീസുമായിരിക്കും ഉണ്ടാവുക. മുംബൈയില്‍ നിന്ന് ദിവസവും മൂന്ന് സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിപ്പ്. യുഎഇ പൗരന്മാര്‍ക്കും യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‍സിന്റെയോ ഐ.സി.എയുടെയോ അനുമതി ലഭിച്ച പ്രവാസികള്‍ക്കുമാണ് ഈ വിമാനങ്ങളില്‍ യാത്രാ അനുമതി ഉള്ളത്.

യാത്ര ചെയ്യുന്ന എല്ലാവരും പുറപ്പെടുന്ന സമയത്തിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇന്ത്യയിലെ സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ.

Read Also
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പകുതി നിരക്ക്; യുഎഇയിലേക്ക് സര്‍വ്വീസുമായി എമിറേറ്റ്സ് എയര്‍ലൈന്‍സും

യുഎഇയിലേക്ക് സര്‍വീസ് നടത്താന്‍ ഫ്ലൈ ദുബായും; നിരക്ക് പകുതിയിലേറെ കുറച്ച് എയര്‍ഇന്ത്യ എക്സ്‍പ്രസ്