ദുബായ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എമിറേറ്സ്  വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്യാബിന്‍ ക്രൂ, ബോഡിങ് ഏജന്റുമാര്‍, ഗ്രൌണ്ട് സ്റ്റാഫ് എന്നിങ്ങനെ യാത്രക്കാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാ ജീവനക്കാരും വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍ (പി.പി.ഇ) ഉപയോഗിക്കും. യൂണിഫോമിന് പുറമെ ഇത്തരം വസ്ത്രങ്ങള്‍ കൂടി ധരിച്ചായിരിക്കും ഇവര്‍ ജോലി ചെയ്യുക. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 

ദുബായ് വിമാനത്താവളത്തില്‍ എല്ലാ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഗ്ലൌസുകളും മാസ്കുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന എല്ലാവരെയും തെര്‍മല്‍ സ്കാനറുകളിലൂടെ പരിശോധിക്കും. വെയിറ്റിങ് ഏരിയകളിലടക്കം എല്ലായിടത്തും ശാരീരിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്. ചെക്ക് ഇന്‍ ചെയ്യുമ്പോഴടക്കം ജീവനക്കാരുമായുള്ള അകലം പാലിക്കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

വിമാനത്തിനുള്ളിലും ഒന്നിവിട്ട സീറ്റുകള്‍ ഒഴിച്ചിടും. ഇതിനായുള്ള ക്രമീകരണങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തും. വിമാനത്തിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുമെങ്കിലും ഇവ പ്രത്യേകം ബോക്സുകളിലായിരിക്കും. മാഗസിനുകളോ മറ്റോ നല്‍കില്ല. ക്യാബിന്‍ ബാഗേജുകള്‍ക്കും വിലക്കുണ്ട്. ലാപ്‍ടോപ്, ഹാന്റ് ബാഗ്, ബ്രീഫ്‍കെയ്സ്, കുട്ടികളുടെ സാധനങ്ങള്‍ എന്നിവ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ക്യാബിന്‍ ബാഗേജ് കൂടി ചെക്ക് ഇന്‍ ലഗേജില്‍ അനുവദിക്കും. യാത്രയിലുടനീളം മാസ്കും ഗ്ലൌസുകളും ധരിച്ചിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.