എമിറേറ്റ്സില്‍ ക്യാബിന്‍ ക്രൂ വിഭാഗത്തിലോ എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗത്തിലോ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് www.emiratesgroupcareers.com എന്ന വെബ്‍സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും. 

ദുബൈ: കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൂട്ടാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 3000 ക്യാബിന്‍ ക്രൂ, 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാര്‍ എന്നിവരുടെ നിയമനത്തിനായി ആഗോള തലത്തില്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. അടുത്ത ആറ് മാസത്തിനിടെ ദുബൈയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായവരോടാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.

എമിറേറ്റ്സില്‍ ക്യാബിന്‍ ക്രൂ വിഭാഗത്തിലോ എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗത്തിലോ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് www.emiratesgroupcareers.com എന്ന വെബ്‍സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും. വിവിധ രാജ്യങ്ങളില്‍ യാത്രാ വിലക്കുകള്‍ നീക്കാന്‍ തുടങ്ങിയതോടെ സര്‍വീസുകള്‍ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എമിറേറ്റ്സ്. കൊവിഡ് പ്രതിസന്ധി കാരണം താത്കാലികമായി മാറ്റി നിര്‍ത്തിയിരുന്ന പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരെയൊക്കെ കമ്പനി തിരിച്ചുവിളിച്ചു‍. കഴിഞ്ഞ വര്‍ഷം നിരവധി ജീവനക്കാരെയാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. നിലവില്‍ 120ല്‍ അധികം നഗരങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന 90 ശതമാനം സെക്ടറുകളിലും ഇപ്പോള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നേരത്തെയുണ്ടായിരുന്ന യാത്രക്കാരുടെ 70 ശതമാനമെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.