യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാന മുന്നറിയിപ്പ് നല്‍കി എമിറേറ്റ്സ് എയര്‍ലൈന്‍സ്.
ദുബൈ: വേനല്‍ക്കാല യാത്രാ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ മുന്നറിയിപ്പ് നല്‍കി ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ബുധനാഴ്ചയാണ് എമിറേറ്റ്സ് അറിയിപ്പ് നല്‍കിയത്. തിരക്കേറിയ വേനല്‍ക്കാല സീസൺ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിക്കും.
ഈ ആഴ്ച മാത്രം ദുബൈ വിമാനത്താവളം വഴി ദിവസേന 30,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി ഇസ്രയേൽ-ഇറാൻ സംഘര്‍ഷവും പിന്നീട് ഉണ്ടായ വെടിനിര്‍ത്തലും മൂലം വ്യോമപാത താല്‍ക്കാലികമായി അടച്ചിടുകയും നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. എങ്കിലും യാത്രക്കാരുടെ തിരക്കില്‍ കുറവ് വന്നില്ലെന്നും 12 ലക്ഷം യാത്രക്കാര്‍ കഴിഞ്ഞ രണ്ട് ആഴ്ചയില്‍ എയര്‍ലൈനില്‍ യാത്ര ചെയ്തതായും എമിറേറ്റ്സ് അറിയിച്ചു.
ജൂൺ 26 മുതല്‍ ജൂൺ 30 വരെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് എയര്‍ലൈന്‍റെ അറിയിപ്പ്. വേനല്‍ അവധി ആഘോഷിക്കുന്നതിനായി കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് തിരക്കേറാന്‍ സാധ്യത പ്രതീക്ഷിക്കുന്നത്. അതിനാല്‍ യാത്രക്കാര്‍ അവരുടെ യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും തടസ്സരഹിതമായ യാത്രക്കായി അവസാന നിമിഷ യാത്രാ പദ്ധതികള്‍ ഒഴിവാക്കണമെന്നും എമിറേറ്റ്സ് നിര്‍ദ്ദേശിച്ചു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ ഡിപ്പാര്‍ച്ചര്‍ സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അറിയിപ്പുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക്, കാര്‍ പാര്‍ക്കിങ്ങിലെ തിരക്ക്, ഇമ്മിഗ്രേഷനിലെ നീണ്ട നിര എന്നീ സാധ്യതകള്‍ യാത്രക്കാര്‍ പ്രതീക്ഷിക്കണം. ഇതനുസരിച്ച് നേരത്തെ തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെടണം. വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പ് ഇമ്മിഗ്രേഷന്‍ പൂര്‍ത്തിയാക്കുകയും ടേക്ക് ഓഫിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ബോര്‍ഡിങ് ഗേറ്റില്‍ എത്തുകയും വേണം.
യാത്രക്കാര്‍ക്ക് ഓൺലൈൻ ചെക്ക്-ഇൻ, വിമാന വിവരങ്ങള്‍ പരിശോധിക്കല്‍, ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് എന്നിവക്കായി എമിറേറ്റ്സ് ആപ്ലിക്കേഷന്‍ ഡൺലോഡ് ചെയ്ത് ഇതിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഓൺലൈന്‍, ആപ്പ് ചെക്ക്-ഇൻ സേവനങ്ങള്‍ തുടങ്ങും. വിമാന യാത്ര കുറച്ച് കൂടി എളുപ്പമാക്കാനായി ഓവര്‍നൈറ്റ് ബാഗ് ഡ്രോപ്, സിറ്റി ചെക്ക്-ഇൻ, ഹോം ചെക്ക്-ഇൻ, എര്‍പോര്‍ട്ട് ട്രാന്‍സിറ്റ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാം. ബാഗേജില്‍ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.
