ദുബൈ: ഒരിടവേളയ്ക്ക് ശേഷം നിരവധി സവിശേഷതകളുമായി 'മഹ്‌സൂസ്' എന്ന പേരില്‍ തിരികെയെത്തുന്ന എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പ് നീട്ടിവെച്ചു. നംവബര്‍ 21 ശനിയാഴ്ച നടക്കാനിരുന്ന ആദ്യ നറുക്കെടുപ്പ് നവംബര്‍ 28ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ശനിയാഴ്ച ഇലക്ട്രോണിക് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സമയത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ വിവരം അറിയിച്ചുകൊണ്ട് മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് ഉപഭോക്താക്കള്‍ക്ക് ഇ മെയില്‍ സന്ദേശം അയച്ചത്. 

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിന്റെ ഉദ്ഘാടനം ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം നവംബര്‍ 28 ശനിയാഴ്ചയിലേക്ക് നീട്ടിയതായി ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ നല്ല രീതിയില്‍, മികച്ച സാങ്കേതിക വിദ്യയും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പിനെ ഗൗരവകരമായ രീതിയിലാണ് സമീപിക്കുന്നതെന്നും അതിനാല്‍ തന്നെ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഈവിങ്‌സ് അറിയിച്ചു.

എല്ലാ ഉപഭോക്താക്കളുടെയും എന്‍ട്രികള്‍ നവംബര്‍ 28ന് നടക്കുന്ന നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യുമെന്ന് ഈവിങ്‌സ് വ്യക്തമാക്കി. 'ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നതിനാല്‍ ഇത് വളരെ അനിവാര്യമായ ഒന്നാണ്. ഉപഭോക്താക്കളുടെ ക്ഷമയെ അഭിനന്ദിക്കുന്നു'- മഹ്‌സൂസ് ടീം കൂട്ടിച്ചേര്‍ത്തു.