ദുബായ്: അടുത്ത വര്‍ഷം റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ദുബായില്‍ നിന്നും പോകുന്നതും ദുബായിലേക്ക് എത്തുന്നതുമായ സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഫ്ലൈ ദുബായ് എയര്‍ലൈന്‍സും അറിയിച്ചിരുന്നു. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് വിമാനത്താവളത്തിലെ ഒരു റണ്‍വേയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അറ്റകുറ്റപ്പണി നടക്കുന്ന കലായളവില്‍ വിമാനത്താവളത്തിലെ മൂന്നിലൊന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടിവരുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 8.8 കോടി യാത്രക്കാരെത്തുന്ന ദുബായ് വിമാനത്താവളം എമിറേറ്റ്‍സിന്റെയും ഫ്ലൈ ദുബായുടെയും ആസ്ഥാനം കൂടിയാണ്. ചില സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയും മറ്റ് ചിലത് പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു.  എന്നാല്‍ കേരളത്തിലേക്ക് ഉള്ളത് അടക്കമുള്ള ചില സര്‍വ്വീസുകള്‍ ദുബായിലെ അല്‍ മക്തൂം ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് ഫ്ലൈ ദുബായ് അറിയിച്ചത്.

39 സര്‍വ്വീസുകളാണ് ഇങ്ങനെ ഫ്ലൈ ദുബായ് മാറ്റുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വ്വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ ദില്ലി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഫൈസാബാദ്, ലക്നൗ, എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും.  ഇതിന് പുറമെ ദുബായില്‍ നിന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചില സര്‍വ്വീസുകളും പുനഃക്രമീകരിക്കും.