അല്‍ ഖാസിമിയുടെ ട്വീറ്റിന് ചുവടെ നിരവധി സ്വദേശികളും പ്രവാസികളും തങ്ങളുടെ സ്‍നേഹം പങ്കുവെച്ചു. തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയും സഹോദരങ്ങളെപ്പോലെയും ആയി മാറിയ അനുഭവങ്ങള്‍ നിരവധി യുഎഇ പൗരന്മാര്‍ വിവരിക്കുകയും ചെയ്തു.
ദുബൈ: നാല് പതിറ്റാണ്ട് തന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരന്റെ വിയോഗത്തില്‍ സങ്കടം സഹിക്കാനാവാതെ യുഎഇ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ യുഎഇയിലെ സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിന് പേരുടെ ഹൃദയം കവര്‍ന്നു. ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമി എന്ന യുഎഇ പൗരനാണ് തന്റെ കുടുംബത്തിന്റ ബിസിനസ് സംരംഭത്തില്‍ ജോലി ചെയ്‍തിരുന്ന വിശ്വസ്‍തനും സത്യസന്ധനുമായ തൊഴിലാളിയെ അനുസ്‍മരിച്ചത്. അടുത്തിടെ വൈദ്യുതാഘാതമേറ്റുണ്ടായ അപകടത്തിലായിരുന്നു ഇന്ത്യക്കാരന്റെ നിര്യാണം.
തൊഴിലാളിയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചു കൊണ്ട് അല്‍ ഖാസിമി ഇങ്ങനെ കുറിച്ചു "നാല്‍പത് വര്‍ഷത്തില്‍ അധികമായി ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരനായ തൊഴിലാളി, ബാബു സത്യസന്ധതയ്ക്കും വിശ്വസ്‍തതയ്ക്കം മാതൃകയായിരുന്നു. ഈ പ്രായത്തിലും ഞങ്ങളെ പിരിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് രാവിലെ വൈദ്യുതാഘാതമേറ്റ് അദ്ദേഹം മരണപ്പെട്ടു. മരിച്ച നിലയിലാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ".
അല്‍ ഖാസിമിയുടെ ട്വീറ്റിന് ചുവടെ നിരവധി സ്വദേശികളും പ്രവാസികളും തങ്ങളുടെ സ്‍നേഹം പങ്കുവെച്ചു. തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയും സഹോദരങ്ങളെപ്പോലെയും ആയി മാറിയ അനുഭവങ്ങള്‍ നിരവധി യുഎഇ പൗരന്മാര്‍ വിവരിക്കുകയും ചെയ്തു. വിരമിച്ച് നാട്ടിലേക്ക് പോകേണ്ട പ്രായത്തിലും അതിന് തയ്യാറാവാതെ സ്വദേശി കുടുംബത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ചത് അവിടെ നിന്ന് അദ്ദേഹത്തിന് ലഭിച്ച സ്‍നേഹവും പരിഗണനയും കൊണ്ട് തന്നെ ആണെന്നും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
അല്‍ ഖാസിമി പങ്കുവെച്ച വീഡിയോ ക്ലിപ്പ് കാണാം...
