ദുബൈ: രണ്ട് സ്വദേശികളെ ആക്രമിച്ച പൗരനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടികള്‍ ആരംഭിച്ചു. രണ്ട് യുവാക്കളെ വാളുപയോഗിച്ച് ആക്രമിച്ച 21കാരനെതിരെയാണ് നടപടികള്‍ തുടങ്ങിയത്. 

അല്‍ റാഷിദിയയിലെ ഒരു വില്ലയ്ക്ക് മുമ്പില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ സെപ്തംബറില്‍ വീടിന് മുമ്പില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ യുവാവ് ഒരു കാറിലെത്തി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നെന്ന് 29കാരനായ സ്വദേശി പൊലീസിനോട് പറഞ്ഞു. ഇത് കണ്ട് നിന്ന സുഹൃത്ത് യുവാവിനെ തടയുന്നതിനിടെയാണ് ഇയാള്‍ക്കും പരിക്കേറ്റത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്ന് സുഹൃത്തായ 23കാരന്‍ വ്യക്തമാക്കി. 

കാറിനുള്ളില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ആക്രമണം നടത്തിയ ശേഷം ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ആക്രമണത്തിനിരയായ സ്വദേശികള്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ഇവര്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയായ യുവാവിനെ അറസറ്റ് ചെയ്ത പൊലീസ് ആക്രമണം നടത്തിയതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. ഒക്ടോബര്‍ 14ന് കേസില്‍ വീണ്ടും വാദം നടക്കും.