65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ഭാഗമായി കുവൈത്ത് ടവേഴ്സിന് സമീപം വ്യോമസേനയുടെ ആവേശകരമായ പ്രകടനം നടന്നു. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അണിനിരന്ന ഈ പ്രകടനം കാണാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണെത്തിയത്.

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ഭാഗമായി കുവൈത്ത് ആകാശത്ത് വ്യോമസേനയുടെ ആവേശകരമായ പ്രകടനം അരങ്ങേറി. ഐതിഹാസികമായ കുവൈത്ത് ടവേഴ്സിന് സമീപം നടന്ന ഈ അഭ്യാസപ്രകടനങ്ങൾ കാണാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ തടിച്ചുകൂടിയത്. വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനങ്ങൾക്കിടയിലും ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ വിസ്മയ കാഴ്ച ആസ്വദിക്കാനായി വാട്ടർഫ്രണ്ട് പാർക്കുകളിലും പരിസരങ്ങളിലും എത്തിയത്.

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന വിവിധ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വർണ്ണാഭമായ രൂപങ്ങൾ തീർത്തപ്പോൾ അത് കാണികളിൽ വലിയ ആവേശം സൃഷ്ടിച്ചു. അപ്പാച്ചെ, കാരക്കൽ ഹെലികോപ്റ്ററുകൾ, സി-130 ഹെർക്കുലീസ് ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, ബോയിംഗ് സി-17 ഗ്ലോബ് മാസ്റ്റർ എന്നിവയ്‌ക്കൊപ്പം എഫ്/എ-18 ഹോർനെറ്റ്, യൂറോഫൈറ്റർ ടൈഫൂൺ എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു. വ്യോമാഭ്യാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ് നാവികസേനയും കോസ്റ്റ് ഗാർഡും സമുദ്രതീരത്ത് ഏകോപിപ്പിച്ചുള്ള പ്രദർശനങ്ങൾ നടത്തി. രാജ്യത്തിന്റെ അഭിമാനവും ഐക്യവും വിളിച്ചോതുന്ന ഈ പ്രകടനം കുവൈത്തിന്റെ ആകാശത്തെ വിസ്മയമായി.