കമ്പനിയിലെ 36 ജീവനക്കാരുടെ യോഗം വിളിച്ചപ്പോള്‍ എല്ലാവര്‍ക്കും അവരുടെ തൊഴില്‍ കരാറുകളില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. തൊഴില്‍ കരാറുകള്‍ ജീവനക്കാരെ കാണിച്ചപ്പോള്‍ അവരാരും അത്തരമൊരു രേഖ കാണുകയോ ഒപ്പുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പറഞ്ഞത്. 

ദുബൈ: ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയ കുറ്റത്തിന്, മാനേജരായ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി. ഒരു ക്ലീനിങ് കമ്പനിയിലെ ജീവനക്കാരുടെ കരാറുകളില്‍ കൃത്രിമം കാണിച്ച് 7.5 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് ദുബൈ ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 17 ജീവനക്കാരുടെ തൊഴില്‍ കരാറിലാണ് ഇയാള്‍ കൃത്രിമം കാണിച്ചത്. ഈ സമയത്ത് കമ്പനിയുടെ പാര്‍ട്ണറായി എത്തിയ 38കാരിയാണ് രേഖകളില്‍ സംശയം തോന്നിയതോടെ പരിശോധന നടത്തി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അല്‍ റാഷിദിയയിലെ ഓഫീസില്‍ വെച്ച് ജീവനക്കാരുടെ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെക്കാന്‍ ഇയാള്‍ ശ്രമിച്ചതായും ഇവര്‍ പറഞ്ഞു.

കമ്പനിയിലെ 36 ജീവനക്കാരുടെ യോഗം വിളിച്ചപ്പോള്‍ എല്ലാവര്‍ക്കും അവരുടെ തൊഴില്‍ കരാറുകളില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. തൊഴില്‍ കരാറുകള്‍ ജീവനക്കാരെ കാണിച്ചപ്പോള്‍ അവരാരും അത്തരമൊരു രേഖ കാണുകയോ ഒപ്പുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പറഞ്ഞത്. കമ്പനിയുടെ വരുമാനം അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടില്ലെന്നും കണ്ടെത്തി. 2018ല്‍ ഇയാള്‍ തന്നെ സ്വന്തമായി ഒരു കമ്പനി സ്ഥാപിക്കുകയും പുതിയ കമ്പനിയുടെ പേരില്‍ ഇവിടെ നിന്ന് തൊഴിലാളികളെ നിയോഗിച്ച് പണം തട്ടുകയും ചെയ്‍തു. തന്റെ ശമ്പളം പെരുപ്പിച്ച് കാണിച്ചും വ്യാജ തൊഴില്‍ കരാറുണ്ടാക്കി.

സ്ഥാപനത്തിന്റെ ഉടമയായ സൗദി സ്വദേശി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. തന്റെ അസാന്നിദ്ധ്യത്തില്‍ സ്ഥാപനം നടത്താന്‍ മാനേജരെ ചുമതലപ്പെടുത്തയിരുന്ന അദ്ദേഹം, ഡിജിറ്റല്‍ ഒപ്പും പവര്‍ ഓഫ് അറ്റോര്‍ണിയും ഇയാള്‍ക്ക് നല്‍കിയിരുന്നു. ഇത് ദുരുപയോഗം ചെയ്‍താണ് തട്ടിപ്പ് നടത്തിയത്. തശീല്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഒരു സ്വദേശിയില്‍ നിന്നടക്കം പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.