ലോസ്ആഞ്ചെലെസ്: യാത്രയ്ക്കിടെ എഞ്ചിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ വ്യാഴാഴ്ച ലോസ്ആഞ്ചെലെസ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഫിലിപ്പൈന്‍സ് എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിഭാഗത്തില്‍പെടുന്ന വിമാനത്തിലായിരുന്നു തീയും പുകയും ദൃശ്യമായത്.

മൂന്നൂറിലധികം യാത്രക്കാര്‍ ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നു. വലത്തേ ചിറകില്‍ നിന്ന് തീ ഉയരുന്നത് യാത്രക്കാരില്‍ പലരും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വിമാനത്തിന്റെ ഒരു എഞ്ചിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നുവെന്നും എന്നാല്‍ പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യിച്ചുവെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ അറിയിച്ചു. തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.  യാത്രയ്ക്കിടെ എഞ്ചിനില്‍ നിന്ന് തീ ഉയരുന്നതിനറെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.