കൊവിഡിന്റെ പശ്ചാത്തലത്തിൽ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 

മസ്‍കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' ക്വിസ് മത്സരങ്ങൾ ജനുവരി 27, 28 തീയ്യതികളിലായി നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ അക്ഷരമുറ്റം വിജ്ഞാനോത്സവത്തിന്റെ പിന്നണി പ്രവർത്തകരാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവം നയിക്കാനെത്തുന്നത്. ജനുവരി 28 വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവരെ ജൂനിയര്‍ വിഭാഗമായും, ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവരെ സീനിയര്‍ വിഭാഗവുമായും പരിഗണിച്ചാണ് മത്സരങ്ങൾ നടക്കുക. ഇരു വിഭാഗത്തിലും മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍.

വ്യാഴാഴ്‍ട നടന്ന പ്രാഥമിക മത്സരത്തില്‍ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി തിരഞ്ഞെടുക്കപ്പെട്ട എൺപത് പേര്‍ 28ന് രാവിലെ 9 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ മത്സരിക്കും. രണ്ട് വിഭാഗത്തിലും പ്രത്യേകം പ്രത്യേകമായാണ് മത്സരങ്ങൾ നടക്കുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 8 പേരായിരിക്കും അവസാന ഘട്ട മത്സരത്തില്‍ പങ്കെടുക്കുക.

ഒമാനിലെ ഇരുപത്തൊന്നു ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷവും മത്സരത്തിനായി പേര്‍ രജിസ്ടര്‍ ചെയ്തത്. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളിലും മലയാള ഭാഷയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുവാനായി എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ഈ രീതിയില്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്നതിലുള്ള സന്തോഷം അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കുവെച്ചു. എല്ലാ വർഷത്തേയും പോലെ വിജയികള്‍ക്ക് സാക്ഷ്യ പത്രവും ആകർഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഫൈനൽ റൗണ്ട് മത്സരങ്ങൾ കേരള വിഭാഗത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ വീക്ഷിക്കാവുന്നതാണെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.