എഡിറ്റിങ്ങോ മറ്റ് കൂട്ടിച്ചേർക്കലുകളോ പാടില്ല. എ.ഐ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കൃത്രിമത്വം പാടില്ല.

ദോഹ: ഖത്തർ ഫോട്ടോഗ്രാഫി സെന്‍റര്‍ ഏർപ്പെടുത്തിയ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ഖത്തറിന്റെ ഫോട്ടോഗ്രാഫിക് ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും ദൃശ്യ സർഗ്ഗാത്മകതയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാംസ്കാരികവും കലാപരവുമായ സംരംഭമാണ് ദോഹ ഫോട്ടോഗ്രാഫി അവാർഡ്. സാംസ്കാരിക മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ഖത്തർ ഫോട്ടോഗ്രാഫി സെന്റർ ഏർപ്പെടുത്തിയ അവാർഡിനായുള്ള അപേക്ഷകൾ ആഗസ്റ്റ് 10 മുതൽ സ്വീകരിച്ചുതുടങ്ങി.

ഒക്ടോബർ രണ്ട് ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഖത്തറിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രാഫർമാർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എല്ലാ ചിത്രങ്ങളും പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ച് എടുത്തതായിരിക്കണം. എഡിറ്റിങ്ങോ മറ്റ് കൂട്ടിച്ചേർക്കലുകളോ പാടില്ല. എ.ഐ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കൃത്രിമത്വം പാടില്ല. ലോഗോ, വാട്ടർമാർക്ക് എന്നിവയുള്ള ഫോട്ടോകൾ പരിഗണിക്കില്ല. എല്ലാ മാനദണ്ഡങ്ങളും നിർബന്ധമായും പാലിച്ചായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.

ആറ് കാറ്റഗറികളിയാണ് മത്സരം. ഖത്തർ കാറ്റഗറി-ഖത്തറിലെ ലാൻഡ്‌മാർക്കുകളുടെ ദൃശ്യങ്ങൾ, ജനറൽ കാറ്റഗറി-കളർ, ജനറൽ കാറ്റഗറി-ബ്ലാക്ക് ആൻഡ് വൈറ്റ്, സ്‌പെഷ്യൽ തീം-ഇമോഷൻസ് കാറ്റഗറി, സമ്പൂർണ ദൃശ്യകഥ വിവരിക്കുന്ന ഫോട്ടോഗ്രാഫുകളുടെ പരമ്പരയുമായി സ്റ്റോറി ടെല്ലിങ് കാറ്റഗറി, 18 വയസിന് താഴെയുള്ള ഖത്തറി ഫോട്ടോഗ്രാഫർമാർക്കുള്ള സ്‌പെഷ്യൽ തീം കാറ്റഗറി എന്നീ വിഭാഗങ്ങളിലാണ് മത്സരം

ആകെ രണ്ട് മില്യൺ റിയാലിലധികമാണ് സമ്മാനത്തുക. ഖത്തർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 300,000 റിയാലോളം സമ്മാനത്തുക ലഭിക്കും. മറ്റ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തിന് 150,000 റിയാലും രണ്ടാം സ്ഥാനത്തിന് 100,000 റിയാലും മൂന്നാം സ്ഥാനത്തിന് 75,000 റിയാലും സമ്മാനമായി ലഭിക്കും.