തിരുവനന്തപുരം: പ്രവാസി സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വ്യവസായ വകുപ്പ്. പ്രവാസി സംരഭകരെ സഹായിക്കാന്‍ പുതിയ പദ്ധതിക്ക് വകുപ്പ് രൂപം നല്‍കി. പത്ത് കോടിയിലധികം മുതല്‍ മുടക്കുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കാന്‍ വകുപ്പ് പ്രത്യേക സെല്‍ തുറക്കുമെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

കുറിപ്പ്

പ്രവാസി സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി വ്യവസായവകുപ്പ് കൂടെയുണ്ട്. പ്രവാസി സംരംഭകരെ ആകര്‍ഷിക്കുകയും പരമാവധി പ്രോത്സാഹനവും പിന്തുണയും നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. പത്തുകോടി രൂപയിലധികം മുതല്‍മുടക്കുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പ് പ്രത്യേക സെല്‍ ആരംഭിക്കും. പ്രവാസി നിക്ഷേപകര്‍ക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെല്‍ വഴി ലഭ്യമാകും. പ്രവാസികള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നാടിന്റെ പുരോഗതിക്കും നന്മക്കും ഉപയോഗിക്കുകയാണ് ലക്ഷ്യം.