രേഖയുടെ പരിമിതമായ സാധുതാ കാലയളവ് കാരണമാണിത്

കുവൈത്ത് സിറ്റി: പ്രവാസി യാത്രക്കാരുടെ എക്സിറ്റ് പെർമിറ്റ് സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തി കുവൈത്ത് അധികൃതർ. യാത്രയ്ക്ക് ഏഴ് ദിവസം മുമ്പ് മുതൽ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മാത്രം അവശേഷിക്കുന്നത് വരെയും എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. രേഖയുടെ പരിമിതമായ സാധുതാ കാലയളവ് കാരണമാണിത്. വ്യക്തികൾക്ക് ആവശ്യമനുസരിച്ച് വിവിധ സമയങ്ങളിൽ ഒന്നിലധികം തവണ അവധിക്ക് അപേക്ഷിക്കാൻ അനുവാദമുണ്ടെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

പ്രവാസി അധ്യാപകർക്ക് എക്സിറ്റ് പെർമിറ്റ് നൽകുന്നതിലെ കാലതാമസം സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ ഗവർണറേറ്റുകളിലെ ഡയറക്ടർ ജനറൽമാർക്കും മത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കുമായി ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകളിലെ പ്രവാസി ജീവനക്കാര്‍ക്ക് എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിനെക്കുറിച്ചാണ് സര്‍ക്കുലറിൽ പറയുന്നത്.

പൊതു വിദ്യാഭ്യാസ കാര്യങ്ങളുടെ ആക്ടിങ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മൻസൂർ അൽ ധഫീരി അംഗീകരിച്ച സർക്കുലറിൽ, മന്ത്രാലയം (സിവിൽ സർവീസ് കമ്മീഷനുമായി ബന്ധപ്പെടുകയും ഇലക്ട്രോണിക് സിസ്റ്റം ഡാറ്റ അപ്ഡേറ്റ് ചെയ്യുകയും ചെയ്ത ശേഷം) എല്ലാ വിദ്യാഭ്യാസ ഗവർണറേറ്റുകളിലും നടപ്പിലാക്കുന്നതിനായി സംയോജിത സംവിധാനത്തിലൂടെ എക്സിറ്റ് പെർമിറ്റിനുള്ള അനുമതി നൽകാൻ തീരുമാനിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട്.

ജൂലൈ 1 മുതലാണ് കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരുന്നത്. എക്സിറ്റ് പെർമിറ്റ് ലഭിക്കാൻ സിവിൽ ഐഡി നമ്പർ ഉപയോ​ഗിച്ച് സഹൽ ആപ്ലിക്കേഷൻ വഴിയോ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയോ ആണ് അപേക്ഷ നൽകേണ്ടത്.