അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിന്റെ ആഡംബര ബോട്ടിലായിരുന്നു കുവൈത്ത് കസ്റ്റംസ് റെയ്‍ഡ് നടത്തിയത്.
കുവൈത്ത് സിറ്റി: ഉല്ലാസ നൗകയില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ കുവൈത്ത് സ്വദേശയെ ജാമ്യത്തില്‍ വിട്ടയച്ചു. 500 ദിനാര്‍ കെട്ടിവെയ്‍ക്കണമെന്ന ഉപാധിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ അറസ്റ്റിലായ ഫിലിപ്പൈന്‍സ് സ്വദേശിയുടെ കസ്റ്റഡി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിന്റെ ആഡംബര ബോട്ടിലായിരുന്നു കുവൈത്ത് കസ്റ്റംസ് റെയ്‍ഡ് നടത്തിയത്. സോഷ്യല്‍ മീഡിയ താരത്തിന്റെ സുഹൃത്തായ കുവൈത്ത് സ്വദേശിയും ബോട്ടിന്റെ ഡ്രൈവറായ ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് അറസ്റ്റിലായത്.
Read also: വന്‍തുകയുടെ മയക്കുമരുന്നുമായി ബഹ്റൈന്‍ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിയുടെ വിചാരണ തുടങ്ങി
മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന. വിവിധ ബ്രാന്‍ഡുകളുടെ 693 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. പരിശോധന നടക്കുമ്പോള്‍ കുവൈത്ത് പൗരനും ഒരു ഫിലിപ്പെനിയും ബോട്ടിലുണ്ടായിരുന്നു.
രാജ്യത്തേക്ക് കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയിലൂടെ തടയാന്‍ സാധിച്ചതെന്ന് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് നേരത്തെ പറഞ്ഞിരുന്നു. ബോട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം അവയും പിടിയിലായ വ്യക്തികളെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയായിരുന്നു.
എഞ്ചിന്‍ തകരാര്‍; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി
അബുദാബി: ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ അറേബ്യയുടെ എയര്‍ബസ് A320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
അഹ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ബംഗ്ലാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാകുകയായിരുന്നു. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാന്‍ഡിങിന് അനുമതി ചോദിച്ചു. തുടര്‍ന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയും ഇവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
