ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് ദ്രാവക രൂപത്തിലാക്കിയ ശേഷം ഇത് ഇതില്‍ കുതിര്‍ത്ത തുണികളാണ് ഇയാളുടെ സ്യൂട്ട് കെയ്‍സിലുണ്ടായിരുന്നത്.
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്കെതിരായ കോടതി നടപടികള്‍ തുടങ്ങി. അന്താരാഷ്‍ട്ര വിപണയില്‍ 60,000 ബഹ്റൈനി ദിനാര്‍ (1.23 കോടിയിലിധികം ഇന്ത്യന്‍ രൂപ) വില വരുന്ന മയക്കുമരുന്നാണ് 37 വയസുകാരനായ പാകിസ്ഥാന്‍ സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്‍ട്ര സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്‍തു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് യുവാവ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് ദ്രാവക രൂപത്തിലാക്കിയ ശേഷം അതില്‍ കുതിര്‍ത്ത തുണികളാണ് ഇയാളുടെ സ്യൂട്ട് കെയ്‍സിലുണ്ടായിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ മയക്കുമരുന്ന് കടത്ത് പിടിക്കപ്പെടുകയായിരുന്നു.
Read more: ഒന്നാം നിലയിലെ പാര്‍ക്കിങ് ലോട്ടില്‍ നിന്ന് കാര്‍ താഴെ വീണു; 60 വയസുകാരിക്ക് പരിക്ക്
കഴിഞ്ഞ ദിവസം വിചാരണയ്ക്കായി ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കുറ്റങ്ങള്‍ നിഷേധിച്ചു. 60,000 ദിനാറിന്റെ മയക്കുമരുന്ന് കടത്താന്‍ തനിക്ക് 700 ദിനാര്‍ (1.44 ലക്ഷം രൂപ) പ്രതിഫലം ലഭിച്ചുവെന്നാണ് ഇയാള്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. സംഘത്തിന്റെ ഭാഗമായ മറ്റുള്ളവര്‍ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി ഇയാള്‍ പറഞ്ഞു. ശരീരത്തില്‍ ഒളിപ്പിച്ചോ ലഗേജിലോ ഇത് ചെയ്‍തിരുന്നത്.
തനിക്ക് പണം ആവശ്യമായതുകൊണ്ട് മാത്രമാണ് കള്ളക്കടത്തിന് മുതിര്‍ന്നതെന്നും ഇയാള്‍ പറഞ്ഞു. നാട്ടില്‍ വെച്ചാണ് കള്ളക്കടത്ത് സംഘത്തിന്റെ തലവനെ പരിചയപ്പെട്ടത്. ദരിദ്ര കുടുംബത്തില്‍ നിന്നുള്ള താന്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയിരുന്നത് മയക്കുമരുന്ന് കടത്തിലൂടെയായിരുന്നെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രാഥമിക വിചാരണയ്ക്ക് ശേഷം കേസ് കോടതി അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു.
