കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് അല്‍ റിഫ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാള്‍ നിലത്തുകിടക്കുന്നതാണ് കണ്ടത്. 

ദുബൈ: തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ദുബൈ ക്രിമിനല്‍ കോടതിയില്‍ പ്രവാസി യുവാവിനെതിരെ നടപടി തുടങ്ങി. 60 ദിര്‍ഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൊലപാതകം നടത്തിയതിന് 34 വയസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ള പ്രവാസിയാണെന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് അല്‍ റിഫ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാള്‍ നിലത്തുകിടക്കുന്നതാണ് കണ്ടത്. ആംബലുന്‍സ് സംഘമെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ മൂന്ന് മണിക്കൂറിനുള്ളില്‍ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുത്തേറ്റ് നെഞ്ചിലുണ്ടായ ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

കുത്താന്‍ ഉപയോഗിച്ച കത്തി പരിസരത്ത് തന്നെ ഉപേക്ഷിച്ചെങ്കിലും പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സിഐഡി സംഘം ക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രതി സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ സ്ഥലത്തു നിന്ന് അകലെയുള്ള ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തത്.

Read also: ജ്വല്ലറി ഷോറൂമിലെ മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളെന്ന് കണ്ടെത്തി; എല്ലാവരും പിടിയില്‍