മസ്‍കത്ത്: അനധികൃതമായി സൂക്ഷിച്ചിരുന്ന സിഗിരറ്റ്, പുകയില ഉത്‍പന്നങ്ങളുടെ വന്‍ശേഖരവുമായി ഒമാനില്‍ പ്രവാസി പിടിയിലായി. 6130 കാര്‍ട്ടണ്‍ സിഗിരറ്റുകളും 9714 പാക്കറ്റ് പുകയില ഉൽപന്നങ്ങളും കൈവശം  വെച്ചിരുന്നയാളാണ് റോയൽ ഒമാൻ പോലീസിന്റെ  പിടിയിലായത്. അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രവാസിയെ അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായും പോലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.