ഷാര്‍ജ: കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനം മണിക്കൂറുകള്‍ക്കകം ഷാര്‍ജ പൊലീസ് പിടികൂടി. അപകട സ്ഥലത്തുനിന്ന് രക്ഷപെട്ട 47 വയസുകാരനായ ഏഷ്യക്കാരാനെയാണ് പിടികൂടിയതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. അപകട സ്ഥലത്തിന് സമീപത്തുനിന്ന് ലഭിച്ച ക്യാമറ ദൃശ്യങ്ങളുപയോഗിച്ചാണ് പൊലീസ് ഇയാളെ കുടുക്കിയത്.

തിങ്കളാഴ്ച രാത്രി 10.30നായിരുന്നു അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന് വിവരം ലഭിച്ചത്. 27കാരനായ പ്രവാസി യുവാവിനെയാണ് കാര്‍ ഇടിച്ചിട്ടത്. ഇയാളെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണ വിഭാഗം തലവന്‍ മേജര്‍ മുഹമ്മദ് റാഷിദ് അല്‍ ശെഹി പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ ഉടന്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്യാമറ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം വാഹനം പൊലീസ് കണ്ടെത്തുകയായിരുന്നു.