പാകിസ്ഥാൻ സ്വദേശികളാണ് പിടിയിലായത്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ ലഗേജിൽ ഒളിപ്പിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രവാസി ദമ്പതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോൾ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പാകിസ്ഥാൻ സ്വദേശികളായ ഇവർ സ്വരാജ്യത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. പതിവ് ബാഗേജ് പരിശോധനയ്ക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. എക്സ്-റേ സ്കാനറിൽ ഒരു ബാഗിനുള്ളിൽ സംശയാസ്പദമായ വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ, 64 എകെ47 വെടിയുണ്ടകൾ ലഗേജിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ വിമാനം റദ്ദാക്കി ഉടൻ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ചോദ്യം ചെയ്യലിൽ, ഡോക്ടറായ ഭർത്താവ്, ഭാര്യ അറിയാതെയാണ് വെടിയുണ്ടകൾ അവരുടെ സ്യൂട്ട്കേസിൽ വെച്ചതെന്ന് സമ്മതിച്ചു. ഭാര്യയെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും താൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും ഇയാൾ അപേക്ഷിച്ചു. എന്നാൽ, ഈ ആവശ്യം നിരസിക്കപ്പെട്ടു. തുടർ നടപടികൾക്കായി ഇരുവരെയും ആയുധ അന്വേഷണ വിഭാഗത്തിന് കൈമാറി.