പൊലീസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി പത്താം നിലയില്‍ നിന്ന് വീണു മരിച്ചു
കുവൈത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിക്കെതിരെ ഇയാള്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുവീണ് പ്രവാസി മരിച്ചു. മഹ്ബുലയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. രാത്രിയില്‍ ഇവിടെയത്തിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താഴേക്ക് വീണതെന്ന് അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചത് ഈജിപ്തുകാരനാണെന്നാണ് പ്രാഥമിക വിവരം. കുവൈത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിക്കെതിരെ ഇയാള്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. തന്നെ തന്റെ രാജ്യത്തുനിന്ന് ജോലിക്കായി കൊണ്ടുവന്ന കമ്പനി, നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ കമ്പനിയിലെ മാനേജര്‍ നല്കിയ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ ചില തൊഴിലാളികളെ അറസ്റ്റ് ചെയ്യാനായി രാത്രി ഇവരുടെ താമസ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നുവെന്നാണ് തൊഴിലാളികളില്‍ ചിലര്‍ വ്യക്തമാക്കിയത്.