ഉമ്മുല്‍ഖുവൈന്‍: മിനി ബസിന് മുകളില്‍ കണ്ടെയ്‍നര്‍ വീണ് ഡ്രൈവര്‍ മരിച്ചു. ഏഷ്യക്കാരനായ പ്രവാസിയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം.

മിനിബസിനടിയില്‍ പെട്ട കണ്ടെയ്നറിനുള്ളില്‍ ഡ്രൈവര്‍ ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തെക്കുറിച്ച് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ജനറല്‍ കമാന്‍ഡില്‍ വിവരം ലഭിച്ചപ്പോള്‍ തന്നെ പട്രോള്‍ സംഘങ്ങളെയും, സിവില്‍ ഡിഫന്‍സ്, നാഷണല്‍ ആംബുലന്‍സ് സംഘങ്ങളെയും സ്ഥലത്തേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. പ്രത്യേക ഉപകരണങ്ങള്‍ കൊണ്ട് കണ്ടെയ്നര്‍ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മിനിബസില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഗുരുതര പരിക്കുകള്‍ കാരണം അദ്ദേഹം സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറിയിച്ചു. മൃതദേഹം ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.