റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി കുടിശിക അടയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചതായി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. 2018 ജനുവരി മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികളുടെ മേൽ ലെവി ഏർപ്പെടുത്തിയത്.

ഈ വർഷത്തെ കുടിശിക അടയ്ക്കാനാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ലെവി തുക തിരികെ നല്‍കാന്‍ മന്ത്രിസഭ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഇതിനായി 1150 കോടി റിയാലും അനുവദിച്ചിരുന്നു. നിതാഖാത് പ്രകാരം പച്ച, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലെവിയായി അടച്ച തുക മടക്കി കൊടുക്കുകുയം ലെവി അടയ്ക്കാത്തവർക്കു അത് ഇളവ് ചെയ്യാനുമായിരുന്നു ഉത്തരവ്.

വിദേശ തൊഴിലാളികളുടെ മേല്‍ ഏല്‍പ്പെടുത്തിയ ലെവി മൂലം നിരവിധി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഇതു കണക്കിലെടുത്ത് ലെവി ഒഴിവാക്കുന്നതിനെകുറിച്ചു പഠനം നടത്തണമെന്നും ശൂറാ കൗണ്‍സില്‍ യോഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.