വൻ തുകയടങ്ങിയ ബാഗ് വെച്ചു മറന്നു, പിന്നീട് നോക്കിയപ്പോൾ കാണാനില്ല; പ്രവാസിയുടെ പരാതിയിൽ 3 മണിക്കൂറിനകം പരിഹാരം
വീട്ടിലെത്തി കുറച്ച് കഴിഞ്ഞാണ് പണവും ബാഗും പാര്‍ക്കിങ് ലോട്ടില്‍ വെച്ചു മറന്ന കാര്യം യുവാവ് ഓര്‍ത്തത്. ഉടന്‍ തന്നെ പാര്‍ക്കിങ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു. ആരോ ഇതിനോടകം ബാഗുമായി കടന്നുകളഞ്ഞു.

അജ്‍മാന്‍: ഒന്നേകാല്‍ ലക്ഷം ദിര്‍ഹം ഉണ്ടായിരുന്ന ബാഗ് നഷ്ടമായ പ്രവാസിക്ക് മൂന്ന് മണിക്കൂറിനകം അത് തിരികെ എത്തിച്ചു നല്‍കി അജ്മാന്‍ പൊലീസ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ് വന്‍തുക സൂക്ഷിച്ചിരുന്ന ബാഗ് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന് മുകളില്‍ വെച്ച ശേഷം എടുക്കാന്‍ മറന്നുപോയത്. പിന്നീട് ഓര്‍മ വന്നപ്പോള്‍ തിരികെപ്പോയി നോക്കിയെങ്കിലും അവിടെ ബാഗ് ഉണ്ടായിരുന്നില്ല.
അജ്മാനില്‍ ഏതാനും ദിവസം മുമ്പായിരുന്നു സംഭവം. ഇന്ത്യക്കാരനായ പ്രവാസി ജോലി കഴിഞ്ഞ് റാഷിദിയയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വരികയായിരുന്നു. കാര്‍ പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയ ശേഷം ബാഗുമായി പുറത്തിറങ്ങി. എന്നാല്‍ പിന്നീട് എന്തോ എടുക്കാന്‍ വേണ്ടി ബാഗ് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന് മുകളില്‍ വെച്ചു. പിന്നീട് ബാഗ് എടുക്കാന്‍ മറന്ന് അപ്പാര്‍ട്ട്മെന്റിലേക്ക് കയറി പോവുകയും ചെയ്തു.
വീട്ടിലെത്തി കുറച്ച് കഴിഞ്ഞാണ് പണവും ബാഗും പാര്‍ക്കിങ് ലോട്ടില്‍ വെച്ചു മറന്ന കാര്യം യുവാവ് ഓര്‍ത്തത്. ഉടന്‍ തന്നെ പാര്‍ക്കിങ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു. ആരോ ഇതിനോടകം ബാഗുമായി കടന്നുകളഞ്ഞു. തുടര്‍ന്നാണ് അജ്മാന്‍ പൊലീസില്‍ പരാതി നല്‍കാനായി ഫോണില്‍ വിളിച്ചത്. പണമടങ്ങിയ ബാഗ് കണ്ടെത്താന്‍ ഉടന്‍ തന്നെ അജ്‍മാന്‍ പൊലീസ് പ്രത്യക സംഘത്തിന് രൂപം നല്‍കി. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു. ഇയാളെ കണ്ടെത്താനായി പിന്നീട് ശ്രമം. മോഷണം നടത്തി മൂന്ന് മണിക്കൂറിനകം മുഴുവന്‍ പണവുമായി ഇയാളെ പൊലീസ് സംഘം പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബാഗ് കണ്ടപ്പോള്‍ അതും എടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് യുവാവ് സമ്മതിച്ചു.
പൊലീസിനെ വിവരം അറിയിച്ച് മൂന്ന് മണിക്കൂറിനകം തന്നെ തനിക്ക് അജ്മാന്‍ പൊലീസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചതായി പൊലീസ് പുറത്തുവിട്ട ഒരു വീഡിയോ ക്ലിപ്പില്‍ പരാതിക്കാരന്‍ പറയുന്നു. പണം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിക്കുകയും തൊട്ടുപിന്നാലെ അത് കൈമാറുകയും ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച അദ്ദേഹം നഗരം സുരക്ഷിതമാക്കുന്നതില്‍ അവരുടെ പങ്കിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.
Read also: കാനഡയിലും സൗദിയിലും വന്‍ തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ; ഇപ്പോള്‍ അപേക്ഷിക്കാം