Asianet News MalayalamAsianet News Malayalam

സ്‌പോണ്‍സറുടെ മര്‍ദ്ദനമേറ്റ് പ്രവാസി വീട്ടുജോലിക്കാരി മരിച്ചു

സംഭവം പുറത്തറിയിക്കുന്നതിന് രണ്ടുദിവസം മുമ്പ് യുവതി മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നെഞ്ചില്‍ ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ചതാണ് മരണ കാരണമായതെന്നും പോഷകാഹാര കുറവ് മൂലം യുവതി വളരെയധികം ക്ഷീണിതയായിരുന്നെന്നും ദുബൈ പൊലീസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

expat maid in dubai tortured to death by her sponsor
Author
Dubai - United Arab Emirates, First Published Dec 8, 2020, 3:15 PM IST

ദുബൈ: ദുബൈയില്‍ പ്രവാസി വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സ്‌പോണ്‍സറുടെ ശാരീരിക അതിക്രമമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ബാത്ത്‌റൂമില്‍ ബോധം കെട്ട് വീണെന്ന് പറഞ്ഞാണ് അറബ് സ്‌പോണ്‍സര്‍ ഏഷ്യന്‍ വംശജയായ യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു. 35 കിലോഗ്രാം മാത്രമായിരുന്നു യുവതിയുടെ ഭാരം. ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സംഭവം പുറത്തറിയിക്കുന്നതിന് രണ്ടുദിവസം മുമ്പ് യുവതി മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നെഞ്ചില്‍ ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ചതാണ് മരണ കാരണമായതെന്നും പോഷകാഹാര കുറവ് മൂലം യുവതി വളരെയധികം ക്ഷീണിതയായിരുന്നെന്നും ദുബൈ പൊലീസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യുവതിയുടെ മരണകാരണം അറിയില്ലെന്ന് സ്‌പോണ്‍സര്‍ ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് ഇയാളുടെ ഭാര്യ സത്യം തുറന്ന് പറയുകയായിരുന്നു. ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് ഇവര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിന് മുമ്പ് ഒരു റിക്രൂട്ട്‌മെന്റ് ഓഫീസ് വഴി 20,000 ദിര്‍ഹം കൊടുത്താണ് യുവതിയെ സ്‌പോണ്‍സര്‍ വീട്ടുജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ള യുവതിക്ക് ഇവര്‍ നല്‍കിയ ജോലികള്‍ ചെയ്യാനായില്ലെന്നും ആറുമാസത്തിന് ശേഷം യുവതിയെ മാറ്റി വേറെ ഒരാളെ ജോലിക്ക് ലഭിക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസിനെ സമീപിച്ചതായും സ്‌പോണ്‍സര്‍ പറഞ്ഞു.

എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം മറ്റൊരാളെ ജോലിക്ക് നല്‍കാന്‍ കഴിയില്ലെന്ന് ഓഫീസ് അറിയിച്ചു. ഇതിനിടെ സ്‌പോണ്‍സറുടെ ജോലിയും നഷ്ടമായി. തുടര്‍ന്ന് എപ്പോഴും വീട്ടിലുണ്ടായിരുന്ന ഇയാള്‍ ജോലിക്കാരിയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് കൂട്ടിച്ചേര്‍ത്തു. ജോലി നഷ്ടമായതോടെ ഭര്‍ത്താവിന്റെ മാനസിക നില മോശമായെന്ന് സ്‌പോണ്‍സറുടെ ഭാര്യ പറഞ്ഞു. ചെറിയ കാരണങ്ങള്‍ക്ക് പോലും യുവതിയെ മര്‍ദ്ദിക്കുമായിരുന്ന സ്‌പോണ്‍സര്‍ ഇവരുടെ ശരീരത്തില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിക്കുമായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ റിസേര്‍ച്ച് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അദെല്‍ അല്‍ ജോക്കെര്‍ പറഞ്ഞു. തുടരന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മരിച്ച യുവതിയുടെ മൃതദേഹം കൈമാറുന്നതിനായി ദുബൈ പൊലീസ് യുവതിയുടെ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. 


 

Follow Us:
Download App:
  • android
  • ios