മസ്കറ്റ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ സഞ്ചാര നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടും വ്യാപാര വിപണികള്‍ സജീവമാകുന്നില്ല. ഒമാനില്‍ സഞ്ചാര വിലക്കുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ട് ഇന്ന് പതിനാലു ദിവസം കഴിയുന്നു. എന്നാല്‍ രാജ്യത്തെ പ്രധാന കമ്പോളങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ വളരെ കുറവാണ്.

ഓഗസ്റ്റ് 15 മുതലാണ് രാത്രി സഞ്ചാര വിലക്ക് പൂര്‍ണമായി ഒഴിവാക്കി ക്കൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറത്തിറക്കിയത്. ഇതിനു ശേഷം പിന്നിട്ട രണ്ടു വാരാന്ത്യങ്ങളിലും ഒമാനിലെ പ്രധാന കമ്പോളങ്ങളിലെല്ലാം തിരക്ക് നന്നേ കുറവായിരുന്നെന്ന് പ്രദേശത്തെ വ്യാപാരിയായ ഹരിഹരന്‍ പറയുന്നു.

സഞ്ചാര വിലക്കുകള്‍ പിന്‍വലിക്കുന്നതോടുകൂടി വിപണികള്‍ കൂടുതല്‍ സജീവമാകുമെന്നായിരുന്നു വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് കച്ചവടക്കാരനായ  ലിജോ പി ജോയി പറഞ്ഞു. നിലവില്‍ അവധിക്കായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തിലും കുറവാണ് ഉള്ളത്. ഇതും വിപണിയെ ബാധിക്കുന്ന ഒരു ഘടകമാണ്. ഇതിനു പുറമെ ഏകദേശം ഒരു ലക്ഷത്തോളം പ്രവാസികള്‍  ഒമാനില്‍ നിന്നും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിയതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.