മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കയറി കളിത്തോക്കും പെട്രോളും കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ വിദേശിക്ക് അഞ്ച് വർഷം കഠിനതടവും നാടുകടത്തലും. 7,434 കുവൈത്ത് ദിനാറിന് തുല്യമായ വിദേശ കറൻസികളാണ് ഇയാൾ കവർന്നത്. പ്രതിക്ക് കോടതി അഞ്ച് വർഷം കഠിനതടവും തുടർന്ന് നാടുകടത്താനും വിധിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കളിത്തോക്കും പെട്രോൾ നിറച്ച കുപ്പിയും ഉപയോഗിച്ച് മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കവർച്ച നടത്തിയ ഫിലിപ്പീൻസ് സ്വദേശിക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും ക്രിമിനൽ കോടതി ഉത്തരവിട്ടു.

അൽ ഷഅബ് പ്രദേശത്തെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഏകദേശം 7,434 കുവൈത്ത് ദിനാറിന് തുല്യമായ വിദേശ കറൻസികൾ കവർന്ന കേസിലാണ് കോടതി വിധി. ജീവനക്കാരുടെ മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതി, കൈവശമുണ്ടായിരുന്ന കളിത്തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരിൽ ഒരാളുടെ മുഖത്ത് തോക്കിന്‍റെ പിടികൊണ്ട് അടിക്കുകയും ചെയ്തു. കൂടാതെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം സ്ഥാപനത്തിനുള്ളിൽ ഒഴിച്ച് ജീവനക്കാരെ ഭയപ്പെടുത്തി. പിന്നീട് സ്ഥാപനത്തിലെ പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന വിവിധ രാജ്യങ്ങളുടെ കറൻസികൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

കുവൈത്ത് ദിനാർ, അമേരിക്കൻ ഡോളർ, സൗദി റിയാൽ, ഈജിപ്ഷ്യൻ പൗണ്ട്, ഫിലിപ്പീൻസ് പെസോ, തുർക്കിഷ് ലിറ എന്നിവയുൾപ്പെടെയുള്ള പണമാണ് പ്രതി കവർന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതിയെ വളരെ വേഗത്തിൽ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈവശത്ത് നിന്ന് വിവിധ രാജ്യങ്ങളുടെ കറൻസികളും കണ്ടെത്തിയിരുന്നു.

ജഡ്ജി ഖാലിദ് റഷാദിന്‍റെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചത്. തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ച കോടതി പ്രതിക്ക് അഞ്ച് വർഷം കഠിനതടവ് വിധിക്കുകയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.