ദുബായ്: ആറ് വയസുകാരന്‍ സ്കൂള്‍ ബസില്‍ മരിച്ചതായി ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. അല്‍ഖൂസിലെ അല്‍ മനാര്‍ ഇസ്ലാമിക് സെന്ററിലെ  മലയാളി വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാണ് മരിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഖുര്‍ആന്‍ പഠന കേന്ദ്രമായ അല്‍ഖൂസ് ഇസ്ലാമിക് സെന്ററിലേക്ക് രാവിലെ എട്ട് മണിക്കാണ് ബസുകളില്‍ കുട്ടികളെ എത്തിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥി പുറത്തിറങ്ങിയില്ലെന്നും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ദുബായ് പൊലീസിന്റെ ട്വീറ്റ്. 11 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. എല്ലാ ബസുകളിലും കണ്ടക്ടര്‍മാരുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വൈകുന്നേരം ആറ് മണിയോടെ മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ അല്‍ഖൂസ് ഇസ്ലാമിക് സെന്റര്‍ അധികൃതരുടെ പ്രതികരണവും ലഭ്യമായിട്ടില്ല. അതേസമയം യുഎഇയിലെ ഖുര്‍ആന്‍ പഠന സ്ഥാപനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ഇസ്ലാമികകാര്യ വകുപ്പ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.