ജെഇഇ പരീക്ഷയ്ക്ക് ദുബായിലെയും കുവൈത്തിലെയും വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ബഹ്റൈനിലെ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. 

മനാമ: ജെഇഇ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതോടെ പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായിരിക്കുകയാണ്. ദുബായിലെയും കുവൈത്തിലെയും വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ബഹ്റൈനിലെ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ബഹ്റൈനിലെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നെന്നാണ് വിവരം. എന്നാൽ പരീക്ഷാ കേന്ദ്രങ്ങള്‍ സംബന്ധിച്ച സ്ഥിരീകരണം ലഭിക്കാത്തത് ബഹ്റൈനിലെ പ്രവാസി വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തുകയാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദുബായിലും കുവൈത്തിലും അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ബഹ്റൈനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമാണ് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വിവിധ പ്രവാസി സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉയരുന്നത്.

ബഹ്‌റൈനിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ പരീക്ഷ എഴുതാൻ അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തെഴുതിയിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു. എൻജിനിയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ 2026 (സെഷൻ 2) പരീക്ഷാ നഗരമായി മനാമ (ബഹ്‌റൈൻ) തിരഞ്ഞെടുത്ത വിദ്യാർഥികളുടെ കാര്യമാണ് നിലവിൽ അനിശ്ചിതത്വത്തിൽ തുടരുന്നത്. 

ബഹ്റൈനിലും മറ്റ് ജിസിസി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആ‌ർഒ സുധീർ തിരുനിലത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിന് നേരത്തെ കത്ത് എഴുതിയിരുന്നു. ബഹ്റൈനിലുള്ള വിദ്യാർത്ഥികള്‍ക്ക് സെന്‍ററുകള്‍ മാറ്റി നാട്ടിലെ കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് എത്തുകയെന്നത് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില്‍ ദുഷ്കരമാണ്. മാത്രമല്ല കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്കും വലിയ പ്രതിസന്ധി ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ ബഹ്റൈനിലെ പരീക്ഷാ കേന്ദ്രങ്ങളെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.