അബുദാബി: യുഎഇയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച പ്രവാസിക്ക് അബുദാബി അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. 35കാരനായ പ്രതിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 20 ലക്ഷം ദിര്‍ഹം (3.75 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

പ്രതി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‍ടോപുകള്‍, ക്യാമറകള്‍ തുടങ്ങിയവ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ലേഖനങ്ങളും വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയും സംഘടനയ്ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. ഭീകര സംഘടനയുടെ ആശയങ്ങളെ ന്യായീകരിച്ചതിന് പുറമെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടിയെന്നും കോടതി കണ്ടെത്തി. കേസിന്റെ വിചാരണയ്ക്ക് വേണ്ടിവന്ന മുഴുവന്‍ ചിലവും പ്രതിയില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവിട്ട കോടതി, ജയില്‍ ശിക്ഷയുടെ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.