കുവൈത്തിലെ അൽ മുത്‌ലയിൽ യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശി പോലീസിൽ കീഴടങ്ങി. ദേഹത്ത് വെള്ളമൊഴിച്ചതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ല പ്രദേശത്ത് യമൻ സ്വദേശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് ബംഗ്ലാദേശ് സ്വദേശി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ ഷർഖ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ യുവാവ് കൊലപാതകം നടത്തിയതായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആകെ ഭയന്ന നിലയിലാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, കൊല്ലപ്പെട്ട യമൻ സ്വദേശി തന്റെ ദേഹത്ത് വെള്ളമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് യമൻ സ്വദേശിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതായാണ് ഇയാളുടെ മൊഴി. അൽ മുത്‌ല സിറ്റിയിലെ ഒരു കെട്ടിടത്തിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ യമൻ സ്വദേശിയുടെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലം വളയുകയും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ നേരത്തെ താമസസ്ഥലത്തുനിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന്റെ യഥാർത്ഥ കാരണവും സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.