റിയാദ്: കൊവിഡ് കാരണം വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് തിരിച്ചെത്താന്‍ കഴിയാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപകരായ വിദേശികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി. നിബന്ധനകളോടെയാണ് എക്‌സപ്ഷന്‍സ് കമ്മിറ്റി അനുമതി നല്‍കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് പരിശോധന (പി.സി.ആര്‍) -നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാന നിബന്ധന. യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന സര്‍ട്ടിഫക്കറ്റായിരിക്കണം. രാജ്യത്ത് പ്രവേശിച്ചാല്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധനയുമുണ്ട്.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ രാജ്യത്തെ സ്വകാര്യ, അന്തര്‍ദേശീയ, വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത സ്ത്രീകളും പുരുഷന്മാരുമായവരുടെ മടക്കം സംബന്ധിച്ച് നേരത്തെ വിദ്യാഭ്യാസ മന്ത്രി ആരോഗ്യ മന്ത്രിക്ക് സന്ദേശം അയച്ചിരുന്നു. അതിന്റെ ഭാഗമായാണിപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.