ദുബായ്: നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച മൂന്ന് പ്രവാസികള്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഫിലിപ്പൈനികളായ രണ്ട് സ്ത്രീകളും ഒരു പാകിസ്ഥാനി പൗരനുമാണ് കേസിലെ പ്രതികള്‍. പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചെന്നും പിന്നീട് മൃതദേഹം ഉപേക്ഷിതാണെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

35കാരിയായ ഫിലിപ്പൈന്‍ യുവതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. പ്രസവശേഷം കുട്ടിയെ ഉപേക്ഷിക്കാന്‍ 50കാരിയായ സുഹൃത്തിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് പാകിസ്ഥാന്‍ പൗരന് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാനായി നല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പിടിയിലായ സ്ത്രീകള്‍ രണ്ടുപേരും വിസ കാലാവധി പൂര്‍ത്തിയായ ശേഷവും രാജ്യത്ത് താമസിച്ചുവരികയായിരുന്നു.

ജൂണ്‍ 18ന് നടന്ന സംഭവത്തില്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 23ന് എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. താന്‍നിരപരാധിയാണെന്നും പ്രസവശേഷം താന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞിന്റെ അമ്മ കോടതിയില്‍ വാദിച്ചു. അല്‍ സത്‍വയിലെ വീട്ടില്‍വെച്ചാണ് യുവതി പ്രസവിച്ചത്. കേസില്‍ പ്രതിയായ രണ്ടാമത്തെ സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്.  പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചിരുന്നുവെന്ന് ഇരുവരും പറയുന്നു. മൃതദേഹം താന്‍ വൃത്തിയാക്കിയ ശേഷം ഉപേക്ഷിക്കാനായി പാകിസ്ഥാന്‍ പൗരന് കൈമാറുകയായിരുന്നുവെന്ന് സഹായത്തിനുണ്ടായിരുന്ന സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തുണികള്‍ നിറച്ച കവറിനുള്ളിലാക്കിയ മൃതദേഹം ദേറയില്‍ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന വലിയ ചവറ്റുകുട്ടയില്‍ ഇടുകയായിരുന്നു. മൂന്ന് പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലാണിപ്പോള്‍. കേസില്‍ ഡിസംബര്‍ അഞ്ചിന് വിചാരണ തുടരും.