Asianet News MalayalamAsianet News Malayalam

ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന പ്രവാസിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

ജോലിക്കിടയിൽ പക്ഷാഘാതമുണ്ടായി തളർന്നു വീണതിനെ തുടര്‍ന്ന് ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ചു.

expat who fell unconscious due to severe stroke brought to Kerala for further treatment
Author
Riyadh Saudi Arabia, First Published Nov 17, 2021, 1:44 PM IST

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന മൊയ്ദുണ്ണിയെ നാട്ടിലെത്തിച്ചു. റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലെ ആശുപത്രിയിൽ ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി. മൊയ്ദുണ്ണി മുസ്ലിയാരെയാണ് (43) നാട്ടിലെത്തിച്ചത്. മൂന്നാഴ്ചയിലേറെക്കാലം വാദി ദവാസിർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് ഐ.സി.എഫ്, എസ്.വൈ.എസ് നേതൃത്വത്തിന്റെ ഇടപെടലാണ് സഹായകമായത്. 

ജോലിക്കിടയിൽ പക്ഷാഘാതമുണ്ടായി തളർന്നു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന് ആഴ്ചയോളം അർദ്ധബോധാവസ്ഥയിൽ ഐ.സി.യുവിലും വെൻറിലേറ്ററിലുമായി കഴിയുകയുമായിരുന്നു. തുടർന്ന് റൂമിലേക്ക് മാറ്റിയെങ്കിലും ശരീരഭാഗങ്ങൾ ചലിപ്പിക്കാനും സംസാരിക്കാനും കഴിയാതെ വളരെ പ്രയാസപ്പെട്ടിരുന്ന മുഹമ്മദുണ്ണിയ പരിചരിക്കാൻ വാദിയിലെ ഒരുപറ്റം പരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്നേഹികൾ തയാറായി. ബന്ധുവായ സൈനുദ്ദീൻ, അബ്ദുല്ല എന്നിവർ ജോലിപോലും ഒഴിവാക്കി ആശുപത്രിയിൽ കൂട്ടിരിക്കാനെത്തി. 

തുടർചികത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിക്കുകയായിരുന്നു. ഇടയ്ക്കിടെ ഓക്സിജൻ കൊടുക്കേണ്ടതും തലയിൽ നിന്നും സ്രവം ഒഴിവാക്കേണ്ടതുമുണ്ട്. വിദഗ്ധ സംവിധാനങ്ങൾ സഹിതം മാത്രമേ ഇദ്ദേഹത്തെ നാട്ടിലയക്കാൻ സാധിക്കുമായിരുന്നുള്ളു. ഐ.സി.എഫ്, കെ.എം.സി.സി പ്രവർത്തകർ ചേർന്ന് വിമാന ടിക്കറ്റിനുള്ള 23,500 റിയാൽ സമാഹരിച്ചു. വാദി ദവാസിറിൽ നിന്നും എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആംബുലൻസിൽ ഒരു നഴ്സിന്റെ സേവനവും ലഭ്യമാക്കി ജിദ്ദ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.

ഡോക്ടർമാരുടെ നിർദേശപ്രകാരം സഹയാത്രികനായി മേലാറ്റൂർ സ്വദേശി മുഹമ്മദ് സ്വാദിഖ് അദ്ദേഹത്തെ അനുഗമിച്ചു. സൗദി എയർലൈൻസ് അധികൃതർ വിമാനത്തിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏപ്പെടുത്തിക്കൊടുത്തു. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കടുങ്ങല്ലൂർ യൂനിറ്റ് എസ്.വൈ.എസ് ഏർപ്പെടുത്തിയ സാന്ത്വനം ആംബുലൻസിൽ നേരെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് അഡ്മിറ്റ് ചെയ്തു. കൊരമ്പയിൽ ആശുപത്രിയിൽ നഴ്സായ ജംഷീന ആനക്കയം ആംബുലൻസിൽ ആവശ്യമായ സഹായത്തിനുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios