Asianet News MalayalamAsianet News Malayalam

ദുബൈയിലെ സിഗ്നലില്‍ ഗതാഗതം നിയന്ത്രിച്ച പ്രവാസി വൈറല്‍; ആദരവുമായി ദുബൈ പൊലീസ്

തിരക്കേറിയ നിരത്തിലെ ഇന്റര്‍സെക്ഷനില്‍ രാവിലെ 6.30ഓടെ സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ അബ്ബാസ് ഖാന്‍ ഇന്റര്‍സെക്ഷന്റെ മദ്ധ്യഭാഗത്ത് നിന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

expat who went viral for controlling traffic honoured by police in Dubai UAE
Author
First Published Nov 17, 2022, 8:17 PM IST

ദുബൈ: ദുബൈയിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പ്രവാസിയുടെ ദൃശ്യങ്ങളാണ് യുഎഇയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്ത അബ്ബാസ് ഖാന്‍ ഭട്ടി ഖാന്‍ എന്ന പാകിസ്ഥാന്‍ പൗരന് പ്രത്യേക പുരസ്‍കാരം നല്‍കി ദുബൈ പൊലീസ് ആദരിക്കുകയും ചെയ്‍തു. ദുബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇയാളുടെ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരക്കേറിയ നിരത്തിലെ ഇന്റര്‍സെക്ഷനില്‍ രാവിലെ 6.30ഓടെ സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ അബ്ബാസ് ഖാന്‍ ഇന്റര്‍സെക്ഷന്റെ മദ്ധ്യഭാഗത്ത് നിന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓരോ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ ഊഴമനുസരിച്ച് കടത്തിവിടുകയായിരുന്നു. സ്ഥലത്ത് പൊലീസ് പട്രോള്‍ സംഘം എത്തുന്നതു വരെ അദ്ദേഹം ഇത് തുടര്‍ന്നതായി ദുബൈ പൊലീസ് പറയുന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറിയാണ് അബ്ബാസ് ഖാനെ ആദരിച്ചത്. ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സമൂഹത്തോടുള്ള അബ്ബാസ് ഖാന്റെ പ്രതിബദ്ധതയാണ് പെട്ടെന്നുള്ള പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്നും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അത് സഹായകമായെന്നും ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് പറ‍ഞ്ഞു. തനിക്ക് ലഭിച്ച ആദരവില്‍ അബ്ബാസ് ഖാനും നന്ദി അറിയിച്ചു.
 


Read also:  സൗദി അറേബ്യയില്‍ വാഹന റിപ്പയറിങ് രംഗത്തെ 15 ജോലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

Follow Us:
Download App:
  • android
  • ios