ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന് തന്നെ. ദുബൈയില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ബുധനാഴ്‍ച ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകള്‍ നടന്നത്.

338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഓഗസറ്റ് 29ന് ഓണ്‍ലൈന്‍ വഴിയായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥിരമായി ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത് വരികയായിരുന്നുവെന്ന് ദുബൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ലക്ഷ്‍മി പറയുന്നു. നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും താന്‍ വളരെയേറെ സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു.

1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്‍മി. ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും ഒരു ഇന്ത്യക്കാരന്‍ വിജയിയായി. ഷാര്‍ജയില്‍ താമസിക്കുന്ന 41കാരനായ ഷൈജു ജോര്‍ജിനാണ് ബി.എം.ഡബ്ല്യൂവിന്റെ ആഢംബര ബൈക്ക് സമ്മാനം ലഭിച്ചത്. 420 സീരീസിലുള്ള 0838 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്.