ക്ലിനിക്കില്‍ ജോലി ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജന്‍ വഴിയാണ് മോഷണം സംബന്ധിച്ച വിവരം ഉടമ അറിഞ്ഞത്. സാധനങ്ങള്‍ മോഷ്ടിച്ച യുവതി സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായിരുന്നു. 

ദുബൈ: ജോലി ചെയ്യുന്ന കോസ്‍മെറ്റിക് ക്ലിനിക്കില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ച പ്രവാസി യുവതി ജയിലിലായി. സൗന്ദര്യ വര്‍ദ്ധക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബോട്ടോക്സ് ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് 34 വയസുകാരി മോഷ്ടിച്ചത്. ക്ലിനിക്കിന്റെ ഉടമ പൊലീസില്‍ നല്‍‍കിയ പരാതി പ്രകാരമായിരുന്നു അന്വേഷണവും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളും.

ക്ലിനിക്കില്‍ ജോലി ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജന്‍ വഴിയാണ് മോഷണം സംബന്ധിച്ച വിവരം ഉടമ അറിഞ്ഞത്. സാധനങ്ങള്‍ മോഷ്ടിച്ച യുവതി സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായിരുന്നു. ഇവര്‍ ഒരു ദിവസം പ്ലാസ്റ്റിക് സര്‍ജനെ വിളിച്ച് തനിക്ക് ക്ലിനിക്കിന് പുറത്ത് ഒരു സ്ഥലത്തുവെച്ച് ബോട്ടോക്സ് ഇഞ്ചക്ഷന്‍ നല്‍കാമോ എന്ന് ചോദിച്ചുവെന്ന് ഡോക്ടര്‍ ഉടമയെ അറിയിച്ചു. യുവതിയുടെ കൈയിലുള്ള സാധനങ്ങള്‍ ക്ലിനിക്കില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

ഇതിന് പിന്നാലെ ക്ലിനിക്കിലെ സാധനങ്ങളുടെ കണക്കെടുക്കാന്‍ ഉടമ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പോഴാണ് ഏകദേശം 21,000 ദിര്‍ഹത്തിന്റെ ഇഞ്ചക്ഷനുകള്‍ കാണാനില്ലെന്ന് മനസിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റിസപ്‍ഷനിസ്റ്റ് ഇവ മോഷ്ടിച്ചതാണെന്ന് മനസിലായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തെളിവുകളും പൊലീസിന് കൈമാറി. 

കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ യുവതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും മോഷ്ടിച്ച സാധനങ്ങളുടെ വിലയ്ക്ക് തുല്യമായ 21,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും വിധിയിലുണ്ട്.

Read also: ചെറിയ പെരുന്നാള്‍; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നേരത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശം