നിരവധി അറസ്റ്റ് വാറണ്ടുകളുള്ള ഒരു പ്രവാസിയെ രാജ്യം വിടാന്‍ സഹായിക്കണമെന്ന ആവശ്യവുമായാണ് അഭിഭാഷകന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയെ സമീപിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയ്ക്ക് വന്‍തുക കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രവാസിക്കും അഭിഭാഷകനും അഞ്ച് വര്‍ഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ അഭിഭാഷകനെ 10 വര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.

നിരവധി അറസ്റ്റ് വാറണ്ടുകളുള്ള ഒരു പ്രവാസിയെ രാജ്യം വിടാന്‍ സഹായിക്കണമെന്ന ആവശ്യവുമായാണ് അഭിഭാഷകന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയെ സമീപിച്ചത്. വിവിധ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവാസിയുടെ പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്‍ത് നല്‍കുന്നതിന് പകരമായി വന്‍തുകയാണ് വാഗ്ദാനം ചെയ്‍തത്. ജീവനക്കാരി വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനും ഫിനാന്‍സ് ക്രൈം വിഭാഗത്തിനും വിവരം കൈമാറി.

പണം സ്വീകരിക്കാമെന്നും പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്ത് നല്‍കാമെന്നും അഭിഭാഷകന് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. രാജ്യംവിടാന്‍ ഉദ്ദേശിക്കുന്ന പ്രവാസിയുടെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ധാരണയനുസരിച്ച് പണം കൈമാറാന്‍ അഭിഭാഷകന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരിക്ക് കൈക്കൂലി നല്‍കല്‍, കുറ്റവാളിയെ രാജ്യം വിടാന്‍ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.