കത്തി കൊണ്ട് ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ പള്ളിയിലുണ്ടായിരുന്നവർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു

റിയാദ്: പള്ളിയിൽ പ്രാർഥിക്കാനെത്തിയ വയോധികനെ കൊല്ലാൻ ശ്രമിച്ച വിദേശ തൊഴിലാളിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തിൻ്റെ തെക്കുഭാഗത്തെ മന്‍ഫൂഅ ഡിസ്ട്രിക്ടിലുള്ള പള്ളിയിലായിരുന്നു സംഭവം. കത്തി കൊണ്ട് ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ പള്ളിയിലുണ്ടായിരുന്നവർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇയാൾ വയോധികനെ കത്തി കൊണ്ട് കുത്താൻ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിൻ്റെ ദൃക്‌സാക്ഷിയായ ആരോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. എന്നാൽ, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സൈബര്‍ കുറ്റമായതിനാൽ അത് ചെയ്തയാളെയും പിടികൂടുമെന്നും അന്വേഷണം തുടരുകയാണെന്നും റിയാദ് പൊലീസ് അറിയിച്ചു.