കുവൈത്ത് സിറ്റി: സഹപ്രവര്‍ത്തകയുടെ ഫോട്ടോ എടുത്തതിന് കുവൈത്തില്‍ പ്രവാസി അറസ്റ്റിലായി. പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നയാളാണ് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ നടപടിക്ക് വിധേയനായത്. ജനറല്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

സഹപ്രവര്‍ത്തകന്‍ തന്റെ ഫോട്ടോ എടുത്തതായി മനസിലാക്കിയ സെക്രട്ടറി, ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിച്ചു. ആരോപണ വിധേയനെ വിളിച്ചുവരുത്തി കാര്യം അന്വേഷിച്ചെങ്കിലും ഇയാള്‍ കറ്റം നിഷേധിച്ചു. തെറ്റിദ്ധാരണയാണ് സംഭവിച്ചതെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ സത്യാവസ്ഥ അറിയുന്നതിനായി ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ ഫോണ്‍ നിലത്തിടുകയും അത് തകരാറിലാവുകയും ചെയ്തു. ഫോണില്‍ ഒന്നുമില്ലെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ സുരക്ഷാ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് പിന്നെലെയാണ് ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തത്.