റിയാദ്: റെയ്ഡ് വിവരങ്ങള്‍ പ്രവാസികള്‍ക്ക് ചോര്‍ത്തിക്കൊടുത്ത വിദേശിയെ അധികൃതര്‍ പിടികൂടി. അഫ്‍ലാജില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ ഇയാള്‍ മറ്റുള്ളവരെ അറിയിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇതിനായി സ്വന്തം നാട്ടുകാരായ നിരവധിപ്പേരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പും തുടങ്ങിയിരുന്നു.

സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഇയാള്‍ പരിശോധനാവിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനകള്‍,  പരിശോധനകള്‍ക്കായി എത്തുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയവയെല്ലാം ഗ്രൂപ്പ് വഴി അന്‍പതോളം പേരെ അറിയിച്ചിരുന്നുവെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.