ബഹ്റൈനില്‍ സര്‍ക്കാര്‍ മേഖലയിലെ ഓരോ തസ്‍തികയിലേക്കും യോഗ്യരായ സ്വദേശികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കാറുള്ളൂവെന്ന് മന്ത്രി.

മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ താത്കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ 7356 പ്രവാസികള്‍ ജോലി ചെയ്യുന്നുവെന്ന് കണക്കുകള്‍. ബഹ്റൈന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ കൂടി ചുമതലയുള്ള പാര്‍ലമെന്റ് ആന്റ് ശൂറ കൗണ്‍സില്‍ മന്ത്രി ഗനീം അല്‍ ബുനൈനാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. അതത് മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും അഭ്യര്‍ത്ഥിച്ചതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികളെ നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പൊതുമേഖലയില്‍ പ്രവാസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പശ്ചാത്തലവും യോഗ്യതയും പ്രവൃത്തി പരിചയവും പരിശോധിച്ച ശേഷമാണ് ജോലി നല്‍കിയത്. ഓരോ മന്ത്രാലയത്തിനും സര്‍ക്കാര്‍ സ്ഥാപനത്തിനും അനുവദിച്ച ബജറ്റ് തുകയുടെ അടിസ്ഥാനത്തില്‍ അവിടുത്തെ ജോലി ഒഴിവുകള്‍ സിവില്‍‌ സര്‍വീസസ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. ഓരോ തസ്‍തികയിലേക്കും യോഗ്യരായ സ്വദേശികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കാറുള്ളൂ എന്നും അദ്ദേഹം പാര്‍ലമെന്റില്‍ നല്‍കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.

പൊതുമേഖലയിലെ പ്രവാസികളെ സംബന്ധിച്ച് പാര്‍ലമെന്റ് അംഗം മഹ്‍മൂദ് അല്‍ സലാഹ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദ വിവരങ്ങള്‍ നല്‍കിയത്. പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്ന സമയമാവുമ്പോള്‍ ആ തസ്‍തികയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള സ്വദേശികളുണ്ടെങ്കില്‍ അവരുടെ വിശദ വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. 2019 ജനുവരി മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 1815 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ റദ്ദാക്കി. ഇതേ കാലയളവില്‍ 4598 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയും ചെയ്‍തു.

ചുമതലകള്‍ക്ക് പുറമെ സ്വദേശികള്‍ക്ക് പരിശീലനം നല്‍കേണ്ട ഉത്തരവാദിത്തം കൂടി ചില പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1402 പ്രവാസികളെയാണ് സര്‍ക്കാര്‍ മേഖലയില്‍ പുതിയതായി ജോലിക്ക് നിയമിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ നിയമിച്ച 1194 പേര്‍ ഉള്‍പ്പെടെയാണിത്. 158 പേരെ വിദ്യാഭ്യാസ മേഖലയില്‍ നിയമിച്ചു. എല്ലാ രംഗത്തും സ്വദേശികള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതെന്നും സ്വദേശികള്‍ക്ക് അപേക്ഷിക്കാനായി എല്ലാ തൊഴിലവസരങ്ങളും പരസ്യം ചെയ്യാറുണ്ടെന്നും മന്ത്രി അറിയിച്ചു.