റാസല്‍ഖൈമ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 126ന് അടുത്ത് ശൈഖ് സായിദ് ഹൌസിങ് പ്രോഗ്രാം ഓഫീസിന് എതിര്‍വശത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 64കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ഞായറാഴ്‍ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കണമെങ്കില്‍ അതിനായി നിര്‍ണയിക്കപ്പെട്ട സ്ഥലങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയും റോഡില്‍ തന്നെ ആയിരിക്കണം. വേഗപരിധി അടക്കമുള്ള നിയമങ്ങള്‍ പാലിച്ചാല്‍ ദുഃഖകരമായ സംഭവങ്ങള്‍ ഒഴിവാക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.