റിയാദ്: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബാൾ കളിക്കാരൻ അവധിക്ക് നാട്ടിലെത്തി പിറ്റേ ദിവസം മരിച്ചു. ദമ്മാമിലെ ഒരു വർക്ക്ഷോപ്പിൽ ജീവനക്കാരൻ കൂടിയായ തൃശൂർ കൊടകര പേരാമ്പ്ര സ്വദേശി ദിലീഷ് ദേവസ്യ (28) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. നാലുമാസത്തെ അവധിക്ക് തിങ്കളാഴ്ച്ചയാണ് നാട്ടിലെത്തിയത്. 

വീട്ടിൽ ക്വാറന്റീനിൽ കഴിയുമ്പോൾ ചൊവ്വാഴ്ച്ച അർധ രാത്രിയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ദമ്മാം അൽഖോബാറിലെ തുഖ്ബയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. പരേതനായ ചുക്രിയൻ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വർഷമായി അൽഖോബാറിൽ പ്രവാസിയാണ്. ബെൽവിൻ ഏക സഹോദരനാണ്. മാതൃസഹോദരി ഭർത്താവ് ബെന്നി തുഖ്ബയിലുണ്ട്. ദമ്മാമിലെ പ്രവാസി ഫുട്ബാൾ ക്ലബായ ഇ.എം.എഫ് റാക്കയുടെ കളിക്കാരനായിരുന്നു ദിലീഷ്. ദിലീഷിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷന്റെ (ഡിഫ) അനുശോചിച്ചു.