ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ രോഗികളുടെയും കുട്ടികളുടെയും സംസാരവും ഉച്ചാരണവും മനസിലാക്കാൻ ഇവർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു.
യോർക്ക്: രോഗികളുമായും സഹപ്രവർത്തകരുമായും സംസാരിക്കാൻ ഭാഷ തടസമായി. ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിന് ജോലി നഷ്ടമായി. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യമില്ലായ്മയാണ് ഇന്ത്യൻ വംശജയായ സായ് കീർത്തന ശ്രീപെരുമ്പുദൂരുവിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. രോഗികളുമായും സഹപ്രവർത്തകരുമായും ആശയവിനിമയം നടത്തുന്നതിൽ ഇവർ പരാജയപ്പെട്ടതായി അധികൃതർ കണ്ടെത്തി. ജോലിക്കായി അപേക്ഷിച്ചപ്പോൾ ഇംഗ്ലീഷ് തന്റെ മാതൃഭാഷയാണെന്നായിരുന്നു കീർത്തന അവകാശപ്പെട്ടിരുന്നത്. എന്നാൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ രോഗികളുടെയും കുട്ടികളുടെയും സംസാരവും ഉച്ചാരണവും മനസിലാക്കാൻ ഇവർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ തന്റെ മാതൃഭാഷ തെലുങ്കാണെന്നും ഇംഗ്ലീഷല്ലെന്നും കീർത്തന വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് കബളിപ്പിച്ചതിനും പ്രൊഫഷണൽ നിലവാരം പുലർത്താത്തതിനും ഇവരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കുകയും ആയിരുന്നു.
യോർക്കിലെ എൻഎച്ച്എസ് ഫൌണ്ടേഷന് കീഴിലുള്ള സ്ഥാപനത്തിൽ 2023ലാണ് ഇന്ത്യൻ വംശജ ജോലിക്ക് കയറിയത്. 2024 ജൂണിലാണ് ഇവർക്കെതിരായ നടപടി ആരംഭിച്ചത്. റിവ്യൂ മീറ്റിംഗിൽ താൻ ജോലിക്ക് പുറമെ ഇംഗ്ലീഷ് പാഠങ്ങൾ പഠിക്കുന്നുണ്ടെന്നും കുട്ടികളും മാതാപിതാക്കളും വേഗത്തിൽ സംസാരിക്കുമ്പോൾ അത് രേഖപ്പെടുത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും അവർ അറിയിച്ചു. ഒരു സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്ന നിലയിൽ രോഗികളുടെ സംസാരം, ഉച്ചാരണം, വാക്യഘടന, വ്യാകരണം എന്നിവ മനസ്സിലാക്കുന്നതിൽ അവർക്ക് വലിയ പ്രയാസം നേരിട്ടിരുന്നു.
ജോലിക്ക് അപേക്ഷിക്കുന്ന സമയത്ത് അഭിമുഖം നടത്തുമ്പോൾ നേരിട്ട് സംസാരിക്കുന്നതിന് പകരം ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് നൽകുന്ന ചാറ്റ് ബോക്സ് സംവിധാനം ഉപയോഗിക്കാൻ കീർത്തന ആവശ്യപ്പെട്ടിരുന്നതായി അവരുടെ ലൈൻ മാനേജർ ആഭ്യന്തര അന്വേഷണ പാനലിന് മുൻപാകെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതി യുകെയിൽ തന്നെ താമസിക്കുന്നുണ്ടായിരുന്നിട്ടും ഇത്തരമൊരു ആവശ്യം ഉന്നയിച്ചത് വളരെ അസ്വാഭാവികമാണെന്ന് മാനേജർ വിശദമാക്കിയത്. തന്റെ വിദ്യാഭ്യാസം ഇംഗ്ലീഷിലായിരുന്നെന്നും അതിനാൽ അതിനെ മാതൃഭാഷയായി കണക്കാക്കാമെന്നും യുവതി വാദിച്ചെങ്കിലും ഈ വാദം അധികൃതർ തള്ളിക്കളഞ്ഞു. ജോലി നേടുന്നതിനായി ട്രസ്റ്റിനെ കബളിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്ന് നിരീക്ഷിച്ച പാനൽ യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.


