ബഹ്റൈനിലെ ശരാശരി പ്രതിദിന കേസുകള്‍ ഇക്കഴിഞ്ഞയാഴ്‍ച 39ല്‍ നിന്ന് 26 ആയി കുറഞ്ഞു.

മനാമ: 38 വയസുകാരനായ പ്രവാസി ജീവനക്കാരനില്‍ നിന്ന് 14 പേര്‍ക്ക് കൊവിഡ് വൈറസ് പിടിപെട്ടതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം (Bahrain Health ministry). രോഗികള്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ സ്ഥലത്ത് താമസിക്കുകയും ചെയ്‍തിരുന്നവരാണ്. രാജ്യത്തെ കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പരിശോധന സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കിലാണ് (contact tracing report) ഈ വിവരമുള്ളത്.

നവംബര്‍ നാല് മുതല്‍ 10 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ശരാശരി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നേരത്തെ ശരാശരി പ്രതിദിന കേസുകള്‍ 39 ആയിരുന്നെങ്കില്‍ അത് 26 ആയാണ് കുറഞ്ഞത്. ഇക്കാലയളവില്‍ ആകെ 182 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 107 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്. 160 പേര്‍ക്കും മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടതാണെന്നും കണ്ടെത്തി. 22 പേര്‍ക്ക് യാത്രകള്‍ക്ക് ശേഷം രോഗം കണ്ടെത്തുകയായിരുന്നു.

രോഗ ലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ രോഗബാധ കണ്ടെത്തിയത് 35 പേര്‍ക്കാണ്. 42 പേര്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്‍തത്.