സൗദി വാണിജ്യ മന്ത്രാലയം, ഊര്‍ജ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് രാജ്യത്തെ നിരവധി പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തിയത്.
റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പുകളുടെ മീറ്ററുകളില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തും. ഇതിനായി ഇവരെ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. പിന്നീട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ഇവരെ സ്വന്തം രാജ്യത്തേക്ക് അയക്കുകയെന്ന് മൂന്ന് ഏജന്‍സികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്‍താവനയില്‍ പറയുന്നു.
സൗദി വാണിജ്യ മന്ത്രാലയം, ഊര്‍ജ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് രാജ്യത്തെ നിരവധി പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തിയത്. പമ്പുകളിലെ നിയമവിരുദ്ധ പ്രവണതകള്‍ സംബന്ധിച്ച് നിരവധി ഉപഭോക്താക്കള്‍ വാണിജ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വ്യാപക പരിശോധന.
ഇന്ധനം നിറയ്ക്കുന്ന ഡിസ്‍പെന്‍സറുകളുടെ കൃത്യത പരിശോധിച്ചപ്പോള്‍, ചില ജീവനക്കാര്‍ അതില്‍ കൃത്രിമം കാണിച്ചതായും നേരത്തെയുള്ള റീഡിങുകള്‍ മെഷീനുകളില്‍ നിന്ന് വീണ്ടെടുത്ത് കൂടിയ വിലയ്ക്ക് ഇന്ധനം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ചതായും കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. പമ്പുകളിലെ മീറ്റര്‍ റീഡിങില്‍ ചില ജീവനക്കാര്‍ കൃത്രിമം കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധനയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പമ്പുകളില്‍ ഉപഭോക്താക്കള്‍ പരാതികള്‍ ഉന്നയിച്ചാല്‍ പരിശോധിക്കാനും അക്കൗണ്ടിങ് ആവശ്യങ്ങള്‍ക്കായും അവസാനത്തെ 10 റീഡിങുകള്‍ മെഷീനുകളില്‍ നിന്ന് എടുക്കാന്‍ സാധിക്കും. ഇവ ഉപയോഗിച്ചായിരുന്നു ജീവനക്കാരുടെ കൃത്രിമമെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകളുടെ വെളിച്ചത്തില്‍ ഈ സംവിധാനം മറ്റൊരു രീതിയിലേക്ക് മാറ്റി ക്രമീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പമ്പുകളിലെ തട്ടിപ്പുകള്‍ കണ്ടെത്താനുള്ള പരിശോധനയും തുടരും. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മൂന്ന് ഏജന്‍സികളും അറിയിച്ചു. കൃത്രിമങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ കൊമേഷ്യല്‍ വയലേഷന്‍ ആപ്പിലൂടെയോ 1900 എന്ന നമ്പറിലൂടെയോ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റിലൂടോ അറിയിക്കാമെന്നും പ്രസ്‍താവനയില്‍ പറയുന്നു.
