പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നിയമത്തിന്റെ കരടിന് അംഗീകാരം നല്‍കിയത്. 

ദോഹ: ഖത്തറിലെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരടിന് ക്യാബിനറ്റ് അംഗീകാരം നല്‍കി. നിയമം നടപ്പാകുന്നതോടെ രാജ്യത്തെ എല്ലാ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭ്യമാവുന്ന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകുമെന്ന് ഔദ്യോഗിക വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നിയമത്തിന്റെ കരടിന് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള കാര്യക്ഷമവും സുസ്ഥിരവുമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്.

രാജ്യത്തെ പൊതു-സ്വകാര്യ രംഗങ്ങളിലെ ചികിത്സാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നയങ്ങളും പദ്ധതികളുമെല്ലാം നിയമത്തിന്റെ ഭാഗമാണ്. രോഗിയുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിജപ്പെടുത്തുന്നതിനൊപ്പം സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ടാകും.